കേരള കോൺഗ്രസ് : അങ്കലാപ്പിനിടെ യുഡിഎഫ്‌ നേതൃയോഗം ഇന്ന്‌ ; വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന്‌ ജോസ്‌ വിഭാഗം : കളിച്ചത്‌ കോൺഗ്രസ്‌ ; നീക്കം കേരള കോൺഗ്രസുകളെ ദുർബലമാക്കാൻ

Share:

Share on facebook
Share on twitter
Share on linkedin

ജോസ്‌ കെ മാണി വിഭാഗത്തെ മുന്നണിയിൽനിന്ന്‌ പുറത്താക്കിയതിന്റെ അനിശ്‌ചിതത്വത്തിനിടയിൽ യുഡിഎഫ്‌ നേതൃയോഗം ബുധനാഴ്‌ച. ജോസിനെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയത്‌ മധ്യകേരളത്തിൽ വലതുമുന്നണിയുടെ വേരറുക്കുന്ന ആത്മഹത്യാപരമായ നടപടിയാണെന്ന്‌‌ യുഡിഎഫിനുള്ളിൽ അഭിപ്രായമുയർന്നു. ഇതോടെ ഇനി ചർച്ചയില്ലെന്നു പറഞ്ഞ നേതൃത്വം, ഒരു ദിവസം കഴിയുംമുമ്പ്‌ വാതിൽ അടഞ്ഞിട്ടില്ലെന്ന്‌ ‌നിലപാട്‌ മയപ്പെടുത്തി. യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതയ്‌ക്ക് തയ്യാറാണെന്നും ജോസ് കെ മാണിക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നും‌ ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു‌.

കോട്ടയത്തെ ധാരണ നടപ്പാക്കിയാൽ ഇനിയും ചർച്ചയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌‌ ഉമ്മൻചാണ്ടി പ്രതികരിച്ചു. പ്രശ്‌നം എങ്ങനെയും പരിഹരിക്കണമെന്ന്‌ ഘടകകക്ഷികൾ ആവശ്യപ്പെടുമ്പോൾ കോൺഗ്രസ്‌ നേതൃത്വം കൈയ്യുംകെട്ടിനിൽക്കുകയാണെന്ന്‌ ആക്ഷേപമുണ്ട്‌. എന്നാൽ ജോസ്‌ വിഭാഗത്തെ പുറത്താക്കിയത്‌ കെപിസിസിയുടെയും എ കെ ആന്റണിയുടെയും പൂർണ സമ്മതത്തോടെയാണെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന നിലപാടിലാണ്‌ ജോസ്‌ വിഭാഗം. പാർടിയുടെ നിലപാട്‌ ‌ ഉചിതമായ സമയത്ത്‌ തീരുമാനിക്കുമെന്ന്‌ ജോസ്‌ കെ മാണി പറഞ്ഞു. വെറുമൊരു സ്ഥാനത്തിനുവേണ്ടി ഹൃദയബന്ധമാണ്‌ യുഡിഎഫ്‌ മുറിച്ചതെന്നും ജോസ്‌ പറഞ്ഞു.

കളിച്ചത്‌ കോൺഗ്രസ്‌ ; നീക്കം കേരള കോൺഗ്രസുകളെ ദുർബലമാക്കാൻ

നാല് പതിറ്റാണ്ടിലേറെ പ്രധാന കക്ഷിയായിരുന്ന കേരള കോൺഗ്രസ്‌ എമ്മിനെ പുറത്താക്കുമ്പോൾ യുഡിഎഫ്‌ കൈയൊഴിഞ്ഞത്‌ കെ എം മാണിയെ. കോൺഗ്രസ് ഗ്രൂപ്പ് പോരും ഭിന്നിപ്പിക്കൽ രാഷ്‌ട്രീയവും ഇതിന്‌ വഴിതെളിച്ചു. കെ എം മാണിയുടെ മരണത്തെതുടർന്ന്‌‌ പാർടി പിടിച്ചെടുക്കാനുള്ള പി ജെ ജോസഫിന്റെ നീക്കത്തിന് കോൺഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടായിരുന്നു. മധ്യകേരളത്തിൽ സ്വാധീനമുള്ള കേരള കോൺഗ്രസുകളെ ദുർബലമാക്കി അവിടെ കടന്നുകയറാനുള്ള ലക്ഷ്യവും കോൺഗ്രസിലെ ഇരു ഗ്രൂപ്പിനുമുണ്ട്.

പുറത്താക്കലിനോട്‌ കെ എം മാണിയെ ഉയർത്തിക്കാട്ടി‌ വൈകാരികമായാണ്‌ ജോസ്‌ വിഭാഗം പ്രതികരിച്ചത്‌. മുന്നണി അപകടത്തിലായപ്പോഴെല്ലാം രക്ഷിച്ചത്‌ കെ എം മാണിയായിരുന്നെന്ന്‌‌‌ ജോസ്‌ കെ മാണി പറഞ്ഞു. കെ എം മാണിയുടെ ഓർമയും ജനപിന്തുണയും ഉള്ളിടത്തോളം പാർടി മുന്നോട്ടുപോകുമെന്ന്‌ റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു. ഐക്യകേരള കോൺഗ്രസിനായി പി സി ജോർജിനെയും പി ജെ ജോസഫിനെയുമെല്ലാം കെ എം മാണി കൂടെക്കൂട്ടി. 2011ൽ യുഡിഎഫ്‌ അധികാരത്തിൽ വന്നപ്പോൾ പി ജെ ജോസഫിനെ മന്ത്രിയുമാക്കി.

ഇരട്ടത്താപ്പ് നയമായിരുന്നു കോൺഗ്രസിന്റേത്‌‌. പി ജെ ജോസഫിന്റെ പാർടിവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ ജോസ് കെ മാണി വിഭാഗത്തോട് കടുത്ത നിലപാട് തുടർന്നു. ചില കോൺഗ്രസ് നേതാക്കൾ പിന്നിൽനിന്ന്‌ കുത്തുകയാണെന്ന് കെ എം മാണി മരിക്കുന്നതിനുമുമ്പ്‌ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കെ എം മാണിയുടെ മരണത്തിനുമുമ്പ് രൂപപ്പെട്ട അനൈക്യവും ഭിന്നതയും പാലാ തെരഞ്ഞടുപ്പോടെ രൂക്ഷമായി. ജോസ് വിഭാഗം സ്ഥാനാർഥിക്ക് ചിഹ്നം വാങ്ങി നൽകാമെന്ന ഉറപ്പുപോലും കോൺഗ്രസും യുഡിഎഫും പാലിച്ചില്ല. അവസരം മുതലാക്കി ഭിന്നിപ്പിക്കൽ തന്ത്രമാണ്‌ കോൺഗ്രസ് കൈക്കൊള്ളുന്നത്. പി ജെ ജോസഫ് വിഭാഗം മുന്നണി മര്യാദയും അച്ചടക്കവും പാലിക്കുന്നില്ലെന്ന പരാതി നിരവധി തവണ ജോസ് വിഭാഗം യുഡിഎഫിന്‌ നൽകിയിരുന്നു. കോട്ടയത്തെ പ്രധാന കോൺഗ്രസ് നേതാവുപോലും മൗനംപാലിച്ചതായി‌ ഇവർ ആരോപിക്കുന്നു‌. ഏകപക്ഷീയ നീതി അനീതിയാണെന്ന നിലപാടിലാണ് ഇവർ‌.

എല്ലാം തുടങ്ങിവച്ച കസേരകളി
യുഡിഎഫിലെ രാഷ്‌ട്രീയ പാർടികളുടെ ചാഞ്ചാട്ടംമൂലം നാലര വർഷത്തിനിടെ പലരും മാറിമാറി ഇരിക്കേണ്ടി വന്ന സ്ഥാനമാണ്‌ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റേത്‌. ഈ കസേര ‌ ജോസഫ്‌ വിഭാഗത്തിന്‌‌ വിട്ടുകൊടുത്താൽ ആത്മഹത്യാപരമാകും എന്നതായിരുന്നു‌ ജോസിന്റെ നിലപാടും. എന്നാൽ അതിന്റെ പേരിൽ പതിറ്റാണ്ടുകളായുള്ള‌ യുഡിഎഫ്‌ ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന്‌ കരുതിയതുമില്ല. എഴുതപ്പെടാത്ത കരാറിന്റെ പേരിൽ പ്രസിഡന്റ്‌ സ്ഥാനം നൽകില്ല എന്നായിരുന്നു ജോസിന്റെ നിലപാട്‌. യുഡിഎഫിന്റെ പ്രധാന നേതാക്കളെല്ലാം പാലായിലെത്തി ജോസുമായി ചർച്ചനടത്തി. അവസാന നിമിഷം അയയുന്ന സൂചനയുണ്ടായിരുന്നു. പക്ഷേ പകരമായി ജോസ്‌ ആവശ്യപ്പെട്ടത്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകൾ. ഇത്‌ ജോസഫ്‌ തള്ളിയതോടെയാണ്‌ സാധ്യതകൾ അടഞ്ഞത്‌.

നിലവിലെ പ്രസിഡന്റ്‌ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലിനെ രാജിവയ്‌പിച്ച്‌ കൂറുമാറിയ അജിത്‌ മുതിരമലയെ പ്രസിഡന്റാക്കാനായിരുന്നു ജോസഫ്‌‌ വിഭാഗത്തിന്റെ നീക്കം. ജില്ലാപഞ്ചായത്തിൽ കേരള കോൺഗ്രസിന്‌ “പി ജെ ജോസഫ്‌ വിഭാഗം’ ഇല്ലായിരുന്നു. പക്ഷേ അജിത്‌ മുതിരമലയെയും മേരി സെബാസ്‌റ്റ്യനെയും സമർഥമായി മറുഭാഗത്തേക്ക്‌ കൊണ്ടുവന്നാണ്‌ ജോസഫ്‌ പക്ഷം രൂപീകരിച്ചത്‌.

More Posts

സംവിധായിക വിധു വിൻസെന്റ് WCC യുമായുള്ള ബന്ധ അവസാനിപ്പിച്ചു : കാരണം വ്യക്തിപരവും രാഷ്ട്രീയവുമെന്ന് വിധു

സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യുസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സെന്‍റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക് : പ്രതിദിന രോഗബാധിതർ 21,000 : ആകെ രോഗികൾ 6.48 ലക്ഷം , മരണം 18,600 കടന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്ക്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

നാല് വർഷങ്ങൾക്കുള്ളിൽ പൊലീസിൽ 13,053 നിയമനം നടത്തി ; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ പുരുഷ, വനിതാ സിവിൽ പൊലീസ്‌ ഓഫീസർമാരായി 11,106 പേർക്ക്‌ നിയമനം നൽകി. ഏറ്റവുമൊടുവിൽ പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ നൽകിയ 1947 ഒഴിവിൽ ഉടൻ നിയമനം നടത്തും. ഇവർക്കുള്ള നിയമന ശുപാർശ പിഎസ്‌സി

മലപ്പുറം ചീക്കോട് ക്വാറന്റയിൻ നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചു ; നിരവധിപ്പേരുമായി ഇയാൾക്ക് സമ്പർക്കം

മലപ്പുറം ചീക്കോട് ജമ്മുവിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്‍റീൻ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. ജൂൺ പതിനെട്ടാം തീയതി ജമ്മുവിൽ നിന്നെത്തിയ യുവാവ് ക്വാറന്‍റീൻ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. നിരീക്ഷണത്തിൽ കഴിയവേ ഇയാള്‍ നിരവധി

Send Us A Message