കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധിച്ച ഒരു പിഴ അടയ്ക്കുമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോടതി നിർദേശിച്ച പ്രകാരം പിഴ ഒടുക്കും. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഭൂഷൺ അറിയിച്ചത്. വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയ കേസെടുത്തത്. ഭൂഷണിന്റെ ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്നുമായിരുന്നു കോടതി വിലയിരുത്തൽ.
കേസിൽ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയാണ് വിധിച്ച് സുപ്രീം കോടതി. സെപ്റ്റംബർ 15നകം പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവും അഭിഭാഷകവൃത്തിയിൽ മൂന്നു വർഷത്തെ വിലക്കും നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു. പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പിഴ അടയ്ക്കുമെന്ന കാര്യം പ്രശാന്ത് ഭൂഷൺ അറിയിച്ചത്.
രാജ്യത്തെ ജുഡീഷ്യൽ സംവിധാനത്തോട് അത്യധികം ബഹുമാനം സൂക്ഷിക്കുന്ന ആളാണ് താൻ. തന്റെ ട്വിറ്റുകൾ കോടതിയോടോ ജുഡീഷ്യറിയോടോ അനാദരവ് കാട്ടുക എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.