രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ തിരിച്ചു വരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എന്നത് ഒന്നുമാത്രമേയുള്ളൂവെന്ന് കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു. അപ്പോള്‍ എല്ലാവരും ആ കുടുംബത്തില്‍ തന്നെയുണ്ടാവേണ്ടതാണ്. ചിലര്‍ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്, എന്നാല്‍ തങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
നിയമസഭാ രേഖയില്‍ റോഷി അഗസ്റ്റിനാണ് പാര്‍ട്ടി വിപ്പ്. ആ വിപ്പ് ലംഘിച്ചവര്ക്കെതിരേ നിയമപരമായ നടപടിയുണ്ടാകും. ചിഹ്നം അനുവദിച്ചതിലൂടെ മാണിസാറിന്റെ ആത്മവാവ് സന്തോഷിക്കുകയാണ്. എനിക്കും എന്റെ പിതാവിനുമെതിരേ വലിയ രീതിയില്‍ വ്യക്തിഹത്യ നടന്നു. എന്നാലും ആര്‍ക്കെതിരേയും പരാതിയില്ല. എല്ലാവരും തിരിച്ച് വരണമെന്നാണ് അഭ്യര്‍ഥനയെന്നും ജോസ് കെ മാണി പറഞ്ഞു.
വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിലവില്‍ സ്വതന്ത്രമായ നിലപാടിലാണ് പാര്‍ട്ടി. തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്നെ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.