- കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു’; പാർട്ടി പ്രവർത്തകർക്ക് വേണ്ടി ഇടപെട്ടുവെന്ന് പ്രകാശ്
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികളായ കോൺഗ്രസുകാർക്ക് അടൂര്‍ പ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്. കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചു. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാർട്ടി പ്രവർത്തകർക്ക് വേണ്ടി കേസുകളിൽ ഇടപെട്ടിരുന്നു എന്നാണ് അടൂർ പ്രകാശും ചാനലുകളിൽ സമ്മതിക്കുന്നത്. പ്രതികളിൽ ഒരാളായ സജിത് അടൂർ പ്രകാശിനെ വിളിക്കുന്ന ഫോൺ രേഖയും പുറത്ത് വന്നിട്ടുണ്ട്.
കൊലപാതകം ആസൂത്രിതമാണെന്നും കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യം നടന്നതെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം കൊലയാളി സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലും കൊലപാതകങ്ങൾക്ക് കോൺഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. തിരുവോണ നാളിൽ കോൺഗ്രസ് രക്ത പൂക്കളമുണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുമ്പ് സിപിഐ എം പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാനുള്ള ശ്രമം നടന്നു. അന്ന് ആ കേസിലെ പ്രതികളെ രക്ഷിക്കാൻ സ്റ്റേഷനിലെത്തിയത് അടൂര്‍ പ്രകാശായിരുന്നു. ആ കേസിലെ പ്രതികളാണ് ഈ കൊലപാതകങ്ങൾ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയിൽ അടൂര്‍ പ്രകാശനും പങ്കുണ്ടെന്നും മന്ത്രി ആരോപിച്ചു.
- വെഞ്ഞാറമൂട്ടിൽ ഡി വൈ എഫ് ഐ പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്കായി അടൂര്‍ പ്രകാശ് എംപി ഇടപെട്ടതിന്റെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ. ഫൈസല്‍ വധശ്രമക്കേസില്‍ പ്രതികള്‍ക്കായി ഇടപെട്ടതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇതേ കേസില്‍ ഉള്‍പ്പെട്ടവരാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസിലെ പ്രതികള്‍.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസ് പ്രതി ഷജിത്തിന്റതാണ് പുറത്തായ ശബ്ദരേഖ. ഫൈസല്‍ വധശ്രമക്കേസില്‍ എംപി വഴി നേതൃത്വത്തെ അറിയിച്ചാണ് പൊലീസ് സ്റ്റേഷനില്‍ ഇടപെട്ടതെന്നു ഷജിത്ത് ശബ്ദരേഖയില്‍ പറയുന്നു. എന്നാൽ പ്രതികളുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. ഇതിനെ നിരാകരിക്കുന്നതാണ് കൊലയാളികളുടെ പുറത്തായ ശബ്ദരേഖ.