LDF ന് തുടർ ഭരണം ; LDF – 99 മുതൽ 106 വരെ UDF 30 – 40 , BJP യ്ക്ക് 1 മുതൽ 3 വരെ , മറ്റുള്ളവർ – 0 – 1 : വടക്ക് – മധ്യ- തെക്കൻ കേരളത്തിൽ LDF ന് സമഗ്രാധിപത്യം , UDF മലപ്പുറത്തും , എറണാകുളത്തും മാത്രം മുന്നിട്ട് നിൽക്കും. രാഹുൽ- പ്രിയങ്ക ഫാക്ടർ ഏൽക്കില്ല… ട്രൂ ലൈൻ ന്യൂസ് സർവേ…

Share:

Share on facebook
Share on twitter
Share on linkedin

LDF ന് മികച്ച ഭൂരിപക്ഷത്തിൽ തുടർ ഭരണമെന്ന് ട്രൂ ലൈൻ ന്യൂസിന്റെ അഭിപ്രായ സർവേ ഫലം. ബിജെപി ഇക്കുറി ഒന്ന് മുതൽ മൂന്ന് വര സീറ്റുകൾ നേടാൻ സാദ്ധ്യത. ചിലപ്പോൾ ഒന്നും നേടാൻ കഴിയാത്ത സ്ഥിതിയും ഉണ്ടായിക്കൂടെന്നില്ല.. PC ജോർജ് UDF ന്റെ ഭാഗമായി മത്സരിച്ചാൽ പൂഞ്ഞാറിൽ ജോർജ് ജയിക്കാൻ നേരിയ സാദ്ധ്യത. ഇല്ലെങ്കിൽ ജോർജ് പരാജയപ്പെടും. കുന്നത്തു നാട്ടിൽ 20-20 മത്സരിച്ചാൽ ട്വന്റി- ട്വന്റി ജയിക്കാൻ സാദ്ധ്യത.. മറ്റു മണ്ഡലങ്ങളിൽ 20 – ട്വന്റി യ്ക്ക് ചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. പാലായിൽ UDF സ്ഥാനാർത്ഥി മാണി സി കാപ്പൻ പരാജയപ്പെടും. പൊതു സ്വീകര്യതയുള്ള വ്യക്തികളെ BJP യിൽ എത്തിച്ച് പ്രചരണ രംഗത്തും മത്സര രംഗത്തും BJP ഇറക്കിയാലും അവരെയെല്ലാം വോട്ടർമാർ നിരാകരിക്കും. BJP യ്ക്ക് സാദ്ധ്യത കാണുന്നത് തിരുവനന്തപുരം, തൃശൂർ , മഞ്ചേശ്വരം സീറ്റുകളിൽ ആണ് . 1 മുതൽ 3 വരെ സീറ്റുകൾ BJP യ്ക്ക് ജയസാദ്ധ്യതയെന്നാണ് സർവേ സൂചന.. ചിലപ്പോൾ BJP യ്ക്ക് ഒറ്റ സീറ്റ് പോലും ലഭിക്കാത്ത സ്ഥിതിയും വന്നേക്കാം..

രാഹുൽ പ്രിയങ്ക ഫാക്ടർ ഇക്കുറി കേരളത്തിൽ ചലനം ഉണ്ടാക്കില്ലെന്ന് ഭൂരിപക്ഷാഭിപ്രായം. രാജസ്ഥാൻ, മദ്ധ്യ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ വന്നതോടെ രാജ്യത്ത് കോൺഗ്രസ് മുന്നണി അധികാരത്തിൽ വരുമെന്ന ചിന്തയും മോദിപ്പേടിയെ തുടർന്ന് UDF ന് അനുകൂലമായി ഉണ്ടായ ന്യൂനപക്ഷ ഏകീകരണം, രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം, ശബരിമല, പെരിയ ഇരട്ടക്കൊലപാതകം എന്നീ ഘടകങ്ങൾ ആണ് 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് UDF ന് മികച്ച വിജയം സമ്മാനിച്ചത്. അമേഠിയിലെ പരാജയം മുൻകൂട്ടി കണ്ട് രാഹുൽ ഗാന്ധി വയനാട്ടിൽ രാഷ്ട്രീയ അഭയാർത്ഥി ആയി വന്നതാണ് എന്ന് കേരളത്തിലെ വോട്ടർമാർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.. മലയാള മാധ്യമങ്ങൾ UDF ന് വലിയ പിന്തുണയും നൽകി. ഭാവി പ്രധാനമന്ത്രി കേരളത്തിൽ മത്സരിക്കുന്നു എന്ന ത്രില്ലിൽ വോട്ടർമാർ UDF നെ വിജയിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഗാന്ധി കുടുംബത്തിന്റെ കുടുംബ മണ്ഡലമായ അമേഠിയിൽ രാഹുൽ പരാജയപ്പെട്ടപ്പോൾ ആണ് മലയാളി വോട്ടർമാർ തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയത്.

തദ്ദേശ ഇലക്ഷൻ ഫലത്തിന്റെ തുടർച്ചയാണ് നിയമസഭ ഇലക്ഷനിലും ഉണ്ടാകാൻ പോകുന്നത്. പത്ത് ജില്ലാ പഞ്ചായത്തും 5 കോർപ്പറേഷനുകളും 580 ഗ്രാമ പഞ്ചായത്തുകളും 110 ബ്ലോക്ക് പഞ്ചായത്തും 46 മുൻസിപ്പാലിറ്റികളും LDF ഭരിക്കുന്നു. അതിൽ UDF ഭരിക്കുന്ന വയനാട് ജില്ലാ പഞ്ചായത്തിൽ LDF ഉം UDF ഉം സീറ്റ് നിലയിൽ ഒപ്പത്തിന് ഒപ്പമാണ്. എറണാകുളവും മലപ്പുറവുമാണ് വ്യക്തമായ ഭൂരിപക്ഷത്തിൽ UDF ന് ഒപ്പം ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലാ പഞ്ചായത്തുകൾ LDF ഭരിക്കുന്നു. കേരള കോൺഗ്രസിന്റെ ഇടതു മുന്നണി പ്രവേശനം LDF ന് നേട്ടമായി മാറും. കോട്ടയം, പത്തനംതിട്ട , ഇടുക്കി ജില്ലകളിലും എറണാകുളത്തിന്റെ കിഴക്കൻ മേഖലയിലും മലബാറിലെ മലയോര മേഖലയിലും LDF ന് കേരള കോൺഗ്രസിലൂടെ നേട്ടങ്ങൾ സമ്മാനിക്കും.

ആരോഗ്യ വകുപ്പിന്റെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട് മികച്ചതും സൗജന്യവുമായ ചികിത്സ, ആർദ്രം മിഷൻ, ലൈഫ് മിഷൻ, പ്രതിസന്ധി കാലത്തെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനവും, മുടക്കമില്ലാതെയുള്ള വൈദ്യുതി – കുടിവെള്ള ലഭ്യത, റോഡ് – പാലങ്ങളുമായുള്ള പൊതുമരാമത്ത് വകുപ്പിന്റെ പശ്ചാത്തല വികസനം, കാർഷിക മേഖലയിൽ മന്ത്രി സുനിൽകുമാർ നേതൃത്വം നൽകി നടപ്പാക്കിയ ഹരിത കേരളം, പൊതു വിദ്യാഭ്യാസ മേഖലയിലെ കുതിച്ചു ചാട്ടം , ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ച് കുടിശികയില്ലാതെ നൽകിയത് കോവിഡ് സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിയിലും പതറാതെ പിടിച്ചു നിന്ന ഐസക്കിന്റെ മികച്ച സാമ്പത്തിക വൈദഗ്ധ്യം പവർ കട്ടും – ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത 5 വർഷത്തെ വൈദ്യുതി വകുപ്പിന്റെ പ്രവർത്തനം, ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ കെ. ഫോൺ , കേരള ബാങ്ക്, എല്ലാം സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളായി സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു.

മികച്ച മുഖ്യമന്ത്രിയായി പിണറായി വിജയന് 48 % പേരുടെ പിന്തുണ.. ഉമ്മൻ ചാണ്ടി 26 % , ചെന്നിത്തല 7% മുല്ലപ്പള്ളി 6 % , കുഞ്ഞാലിക്കുട്ടി – 3 % K സുരേന്ദൻ 6 % പിന്തുണ. 4 % പേർ അഭിപ്രായം പറഞ്ഞില്ല …

പ്രതിസന്ധി ഘട്ടത്തിൽ ഇച്ഛാശക്തിയോടെ നാടിനെ പിണറായി നയിച്ചു എന്ന് ഭൂരിപക്ഷാഭിപ്രായം. മതന്യൂനപക്ഷങ്ങൾക്കിടയിലും പിണറായി വിജയൻ സ്വീകാര്യൻ. LDF ന്റെ പരമ്പരാഗത വോട്ടുബാങ്കുകൾ സംരക്ഷിച്ച് നിർത്തുന്നതിന് ഒപ്പം പുതിയ വിഭാഗം വോട്ടുകൾ കൂടി സമാഹരിക്കാൻ പിണറായിയുടെ നേതൃത്വത്തിന് കഴിയുമെന്ന് ഭൂരിപക്ഷാഭിപ്രായം. മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപന മേധാവികളുമായി മുൻ കാല LDF സർക്കാരുകളുടെ കാലത്ത് ഉണ്ടായിട്ടുള്ള ഉരസലുകൾ ഇക്കുറി ഉണ്ടായിട്ടില്ല എന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിച്ച് നൽകി ന്യൂനപക്ഷങ്ങൾക്കിടയിൽക്കൂടി സ്വീകാരനാകുന്ന മുഖ്യമന്ത്രി ആയി പിണറായി മാറിയെന്ന് ഭൂരിപക്ഷാഭിപ്രായം. ഭൂരിപക്ഷ മത സ്ഥാപന മേധാവികളുമായും സർക്കാരിന് ഭിന്നതയില്ല.

PK കുഞ്ഞാലിക്കുട്ടി MP പദവി ഒഴിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നത് UDF ന് തെരഞ്ഞെടുപ്പിൽ ഒരു ഗുണവും ഉണ്ടാക്കില്ലെന്ന് 71 % പേർ. ഗുണം ചെയ്യുമെന്ന് 14 % പേർ , അഭിപ്രായം പറയാനില്ലെന്ന് 15% പേർ . ഉമ്മൻ ചാണ്ടി UDF ന്റെ പ്രചരണ നേതൃത്വം ഏറ്റെടുത്തതു കൊണ്ട് UDF ന് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്ന് ഭൂരിപക്ഷാഭിപ്രായം.

വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ CPIM സംസ്ഥാന സെക്രട്ടറി വിജയ രാഘവന് സൂക്ഷ്മത കുറവ് ഉണ്ടാകുന്നുവെന്ന് 64 % പേർ. ഉപയോഗിക്കുന്ന വാക്കുകൾക്ക് ക്ലാരിറ്റി ഇല്ലാത്തതിനാൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടുന്നു എന്ന് ഭൂരിപക്ഷം ആളുകൾ. ലീഗ് – ജമാ അത്തെ ഇസ്ലാമി സഖ്യത്തെ വർഗ്ഗീയ സഖ്യമായി കാണുമ്പോഴും ആ വർഗ്ഗീയ ധ്രുവീകരണ നീക്കത്തിന് ഒപ്പം ഭൂരിപക്ഷം മുസ്ലിങ്ങളും ഇല്ല എന്ന കാര്യം വ്യക്തമായി മനസ്സിലാക്കി നിലപാട് പറയുന്നതിൽ വിജയ രാഘവൻ ശ്രദ്ധിച്ചില്ല എന്ന് വിമർശനം.

ആരോഗ്യം, ശിശുക്ഷേമം, പൊതുമരാമത്ത്, പൊതു വിദ്യാഭ്യാസം, വ്യവസായം, തദ്ദേശ സ്വയം ഭരണം, വൈദ്യുതി, ജലവിഭവം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ധനകാര്യം, കൃഷി വകുപ്പ്, ഫിഷറീസ് എന്നിവ മികച്ച പ്രവർത്തനം കാഴ്ച വെച്ചതായി അഭിപ്രായ സർവേയിൽ ഭൂരിപക്ഷ അഭിപ്രായം.
ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം നിരാശ സമ്മാനിച്ചെന്ന് ഭൂരിപക്ഷ അഭിപ്രായം. റോഡുകളിൽ വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് വിമർശനം രൂക്ഷം. പട്ടികജാതി- വർഗ്ഗ വികസന വകുപ്പിന്റെ പ്രവർത്തനവും ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്ന് അഭിപ്രായ സർവെയിൽ ഭൂരിപക്ഷ അഭിപ്രായം.

 • വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റു

സ്വർണ്ണക്കടത്ത് – അനുബന്ധ വിവാദങ്ങൾ സർക്കാരിന്റെ മികച്ച പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന് ഭൂരിപക്ഷ അഭിപ്രായം. ഖുർ- ആൻ, ഈന്തപ്പഴ വിതരണത്തെ വിവാദത്തിൽ കൊണ്ടു വരേണ്ട കാര്യം ഉണ്ടായിരുന്നില്ല എന്ന് ഭൂരിപക്ഷം പേർ.
KT ജലീലിനോട് മുസ്ലിം ലീഗിന് ഉള്ള കുടിപ്പകയാണ് ഖുർആൻ വിതരണം വിവാദത്തിലാക്കിയതെന്ന് ഭൂരിപക്ഷം പേർ.
എന്നാൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഇടപെടൽ കളങ്കമായെന്ന് ഭൂരിപക്ഷം പേർ അഭിപ്രായപ്പെട്ടു. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ സഭ നടത്തിപ്പ് ഡെപ്യൂട്ടി സ്പീക്കറെ ഏൽപ്പിച്ച് സ്വന്തം മണ്ഡലത്തിൽ പോലും അല്ലാത്ത കടയുടെ ഉദ്ഘാടനത്തിന് സ്പീക്കർ പോയത് അനുചിതമായെന്ന് ഭൂരിപക്ഷാഭിപ്രായം.

തോമസ് ഐസക് ,
കെ.കെ. ഷൈലജ, G. സുധാകരൻ, സി. രവീന്ദ്രനാഥ്, എം.എം.മണി, വി.എസ്.സുനിൽകുമാർ , എ.സി. മൊയ്തീൻ, എന്നിവർ അടുത്ത സർക്കാരിലും മന്ത്രിമാരായി ഉണ്ടാകണമെന്ന് ഭൂരിപക്ഷ അഭിപ്രായം.

ദിവസക്കൂലി – കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രവണതയ്ക്ക് അവസാനം വേണമെന്ന് ഭൂരിപക്ഷം പേർ അഭിപ്രായപ്പെട്ടു. ഇത്തരം തസ്തികകളിലേക്ക് PSC യോ മറ്റേതെങ്കിലും ഏജൻസികൾ വഴിയോ സ്ഥിരനിയമനം നടത്തണമെന്ന് ഭൂരിപക്ഷ അഭിപ്രായം. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം വീണ്ടും കാലാവധി ദീർഘിപ്പിക്കുന്നത് അനുചിതമെന്ന് ഭൂരിപക്ഷ അഭിപ്രായം. പുതിയതായി പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നവരോടുള്ള വഞ്ചനയാണ് കാലാവധി കഴിഞ്ഞതിന് ശേഷമുള്ള റാങ്ക് ലിസ്റ്റ് നീട്ടൽ എന്ന് ഭൂരിപക്ഷാഭിപ്രായം. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ നിയമനം നടന്നിട്ടും റാങ്ക് പട്ടിക നീട്ടി വരും മാസങ്ങളിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തിക്കാനുള്ള റാങ്ക് ഹോൾഡേഴ്സിന്റെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് ഭൂരിപക്ഷാഭിപ്രായം.

LDF ന് ഇക്കുറി സീറ്റ് വർദ്ധിച്ച് തുടർ ഭരണമെന്ന് ഭൂരിപക്ഷാഭിപ്രായം. BJP യ്ക്ക് ഇക്കുറിഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ ലഭിച്ചേക്കാം .. ചിലപ്പോൾ ഒന്നും ലഭിക്കാതിരിക്കാനും സാദ്ധ്യതകൾ കാണുന്നു. . PC ജോർജിന് UDF പിന്തുണ ഉണ്ടായാലും ജോർജ് പൂഞ്ഞാറിൽ പരാജയപ്പെടാൻ സാദ്ധ്യത . മാണി സി കാപ്പൻ പാലായിലും പരാജയപ്പെടും.

LDF ന്റെ കൈയിലുള്ള താനൂർ, കണ്ണൂർ മണ്ഡലങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത, കൊടുവള്ളിയിലും കടുത്ത മത്സര സാദ്ധ്യത. വിജയം ആർക്കെന്ന് പറയാനാകില്ല. ആര് ജയിച്ചാലും ഫോട്ടോ ഫിനിഷിങ്ങ്.

വിജയ സാദ്ധ്യതകൾ ജില്ലകൾ തിരിച്ച്

കാസർകോഡ് 5 മണ്ഡലങ്ങൾ. പതിറ്റാണ്ടുകളായി കോൺഗ്രസിന് ഒറ്റ സീറ്റില്ല. 2006 ൽ ഒഴികെ പതിറ്റാണ്ടുകളായി മഞ്ചേശ്വരം ലീഗിന് ഒപ്പം. 2016 ലെ തെരഞ്ഞെടുപ്പിൽ BJP സ്ഥാനാർത്ഥി K സുരേന്ദ്രൻ തോറ്റത് 83 വോട്ടുകൾക്ക് . പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് ലീഗ് സീറ്റ് നിലനിർത്തിയെങ്കിലും ജയിച്ച MLA കമറുദ്ദീൻ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ജയിലിൽ ആയത് UDF ന് ക്ഷീണമായി.
മഞ്ചേശ്വരത്ത് BJP യ്ക്ക് ജയസാദ്ധ്യത. കാസർകോഡ് UDF നിലനിർത്താൻ സാദ്ധ്യത, തൃക്കരിപ്പൂർ , ഉദുമ, കാഞ്ഞങ്ങാട് LDF നിലനിർത്തും.

ഫല സാദ്ധ്യത – LDF – 3, UDF – 1 , BJP – 1

 • കണ്ണൂർ : ആകെ മണ്ഡലങ്ങൾ 11, നിലവിൽ LDF -8 , UDF -3

പയ്യന്നൂർ, കണ്ണൂർ, കല്യാശ്ശേരി, ധർമ്മടം, തളിപ്പറമ്പ്, മട്ടന്നൂർ, കൂത്ത്പറമ്പ്, തലശേരി എന്നീ എട്ട് മണ്ഡലങ്ങൾ LDF ഉം അഴീക്കോട്, ഇരിക്കൂർ , പേരാവൂർ മണ്ഡലങ്ങൾ UDF ഉം ആണ് പ്രതിനിധീകരിക്കുന്നത്. അതിൽ അഴീക്കോട് ഇക്കുറി LDF തിരിച്ചു പിടിക്കും. കണ്ണൂർ നഷ്ടപ്പെടാൻ സാദ്ധ്യത. ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുത്താൽ ഇരിക്കൂറിൽ LDF ജയിക്കും. പേരാവൂരിലും കടുത്ത മത്സര സാദ്ധ്യത.
LDF -9 , UDF 2 എന്ന നിലയിൽ സാദ്ധ്യത

 • വയനാട് : വയനാട്ടിൽ ഉള്ള മൂന്ന് മണ്ഡലങ്ങളിൽ കൽപ്പറ്റയും മാനന്തവാടിയും LDF ഉം സുൽത്താൻ ബത്തേരി UDF ഉം ആണ് പ്രതിനിധീകരിക്കുന്നത്. ഇക്കുറിയും അതേ അവസ്ഥ തന്നെ തുടരും. LDF -2 , UDF – 1
 • കോഴിക്കോട് : 2006 മുതൽ കോൺഗ്രസിന് ഒറ്റ MLA മാർ പോലും ഇല്ലാത്ത ജില്ലയാണ് കോഴിക്കോട് . കോഴിക്കോട് UDF എന്നാൽ ലീഗ് മാത്രമാണ് ഇപ്പോൾ . ആകെ മണ്ഡലങ്ങൾ 13, അതിൽ 11 എണ്ണം LDF ഉം 2 എണ്ണം UDF ഉം പ്രതിനിധീകരിക്കുന്നു.

കൊയിലാണ്ടി, തിരുവമ്പാടി, കൊടുവള്ളി, ബേപ്പൂർ , വടകര, കോഴിക്കോട് നോർത്ത് , ബാലുശ്ശേരി, കുന്നമംഗലം പേരാമ്പ്ര, ഏലത്തൂർ, നാദാപുരം ( LDF ) കുറ്റ്യാടി , കോഴിക്കോട് സൗത്ത് (UDF ) നിലവിൽ LDF ന്റെ കൈയിൽ ഉള്ള കൊടുവള്ളി നിലനിർത്തുക പ്രയാസകരമാണ്. കുറ്റ്യാടി LDF തിരിച്ചു പിടിക്കും. കോഴിക്കോട് സൗത്തിൽ കടുത്ത മത്സരം ഉണ്ടാകും.
നിലവിലെ കക്ഷി നിലയായ LDF -11 , UDF – 2 എന്ന നില തുടരാൻ സാദ്ധ്യത.

 • മലപ്പുറം
  UDF കാര്യമായ പരിക്കേൽക്കാതെ നിൽക്കാൻ സാദ്ധ്യതയുള്ള ജില്ല. ജമാഅത്തെ ഇസ്ലാമി – ലീഗ് സഖ്യം ലീഗിന് തുണയായി മാറും. ആകെ മണ്ഡലങ്ങൾ 16. അതിൽ UDF-12 , LDF 4 എന്നതാണ് നിലവിലെ കക്ഷി നില

തവനൂർ, പൊന്നാനി, താനൂർ, നിലമ്പൂർ എന്നീ 4 മണ്ഡലങ്ങളാണ് LDF ന്റെ കൈയിൽ ഉള്ളത്. വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കൽ, മങ്കട, വണ്ടൂർ , ഏറനാട്, കൊണ്ടോട്ടി, വേങ്ങര, തിരൂർ, പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി എന്നീ 12 മണ്ഡലങ്ങൾ UDF ന്റെ കൈവശം. മലപ്പുറംജില്ലയിൽ കോൺഗ്രസിന് ഉള്ള ഏക സീറ്റ് വണ്ടൂർ മാത്രമാണ്. ലീഗ് മത്സരിച്ച 12 സീറ്റുകളിൽ ലീഗിന് നഷ്ടപെട്ടത് താനൂർ സീറ്റ് മാത്രം. താനൂർ ഇക്കുറി ലീഗ് തിരിച്ചു പിടിക്കാൻ സാധ്യത. താനൂരിലെ സിറ്റിങ്ങ് MLA അബ്ദുൾ റഹ്മാൻ തിരൂരിൽ മത്സരിക്കുന്നതിലൂടെ LDF തിരൂർ പിടിച്ചെടുക്കും. മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ LDF ന് ജയസാദ്ധ്യത, പൊന്നാനി, തവനൂർ, നിലമ്പൂർ LDF നിലനിർത്തും.
UDF – 10, UDF – 6 എന്ന നിലയിൽ സാദ്ധ്യത

 • പാലക്കാട്

മലമ്പുഴയിൽ VS ഇല്ലാത്ത തെരഞ്ഞെടുപ്പാണ് ഇക്കുറി പാലക്കാട് ജില്ലയിൽ. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അലട്ടുന്ന വി.എസ്. വിശ്രമ ജീവിതത്തിലേക്ക് കടന്നു. 12 മണ്ഡലങ്ങളിൽ 9 എണ്ണം LDF , 3 എണ്ണം UDF എന്നതാണ് നിലവിലെ കക്ഷി നില .

മലമ്പുഴ , നെന്മാറ, തരൂർ , ചിറ്റൂർ, പട്ടാമ്പി, ആലത്തൂർ, ഷൊർണ്ണൂർ, ഒറ്റപ്പാലം, കോങ്ങാട്, എന്നീ മണ്ഡലങ്ങൾ LDF ഉം മണ്ണാർക്കാട്, പാലക്കാട്, തൃത്താല മണ്ഡലങ്ങൾ UDF ഉം പ്രതിനിധീകരിക്കുന്നു. തൃത്താലയിൽ മികച്ച സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് LDF. നിലവിലെ കക്ഷി നിലയായ LDF-9 , UDF -3 എന്ന നിലയിൽ നിന്ന് മാറ്റം പ്രതീക്ഷിക്കുന്നില്ല.

 • തൃശൂർ

ആകെ മണ്ഡലങ്ങൾ 13, LDF – 12, UDF – 1 എന്നതാണ് നിലവിലെ കക്ഷിനില. വടക്കാഞ്ചേരിയിൽ 43 വോട്ടിന് ജയിച്ച അനിൽ അക്കരയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ LDF ന്റെ സമഗ്രാധിപത്യത്തിന് ഉണ്ടായ ഏക തടസ്സം. തൃശൂർ മണ്ഡലത്തിൽ വി.എസ്. സുനിൽകുമാർ വീണ്ടും മത്സരിച്ചാൽ ജില്ലയിലെ 13 ൽ 13 ഉം നേടി LDF സമഗ്രാധിപത്യം നേടും. സുനിൽ കുമാറിനെ CPI മാറ്റി നിർത്തിയാൽ തൃശൂർ മണ്ഡലത്തിൽ LDF തോൽക്കും.
ഗുരുവായൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി, നാട്ടിക, കൊടുങ്ങല്ലൂർ, കുന്നംകുളം, മണലൂർ, കൈപ്പമംഗലം , ചേലക്കര, തൃശൂർ, ഒല്ലൂർ, പുതുക്കാട്, എന്നീ പന്ത്രണ്ട് മണ്ഡലങ്ങൾ LDF ഉം വടക്കാഞ്ചേരി UDF ഉം പ്രതിനിധീകരിക്കുന്നു. വടക്കാഞ്ചേരി ഇക്കുറി LDF തിരിച്ചു പിടിക്കും.

പ്രതീക്ഷിക്കുന്ന കക്ഷി നില : സുനിൽകുമാർ തൃശൂരിൽ മത്സരിച്ചാൽ LDF 13 ൽ 13 ഉം . അല്ലെങ്കിൽ LDF -12 , BJP – 1

 • എറണാകുളം

ആകെ മണ്ഡലങ്ങൾ 14. LDF -5 , UDF 9 എന്നതാണ് നിലവിലെ കക്ഷിനില.
കോതമംഗലം, മൂവാറ്റുപുഴ , തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിൻ എന്നീ 5 മണ്ഡലങ്ങൾ LDF ഉം അങ്കമാലി, പറവൂർ, ആലുവ, കളമശ്ശേരി, തൃക്കാക്കര , എറണാകുളം, കുന്നത്തുനാട്, പെരുമ്പാവൂർ, പിറവം എന്നീ 9 മണ്ഡലങ്ങൾ UDF ഉം പ്രതിനിധീകരിക്കുന്നു.

കിഴക്കമ്പലത്തെ ട്വന്റി- 20 ഫാക്ടർ ആണ് എറണാകുളം ജില്ലയെ ശ്രദ്ധേയമാക്കുന്നത്. കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തു നാട്ടിൽ ട്വന്റി- 20 മത്സരിച്ചാൽ അവർ ജയിക്കാൻ സാധ്യത.. മറ്റു മണ്ഡലങ്ങളിൽ അവർ മത്സരിച്ചാലും ഒരു ചലനവും സൃഷ്ടിക്കാൻ കഴിയില്ല. മൂവാറ്റുപുഴയിൽ UDF സ്ഥാനാർത്ഥിയായി മാത്യു കുഴൽനാടൻ വന്നാൽ LDF ന്റെ സ്ഥിതി പരുങ്ങലിൽ ആകും. കളമശ്ശേരിയും പെരുമ്പാവൂരും ഇക്കുറി LDF പിടിച്ചെടുക്കും. ആലുവയിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയെ LDF മത്സരിപ്പിച്ചാൽ അട്ടിമറി വിജയം നേടാനാകും. കൊച്ചി മണ്ഡലം നിലനിർത്താൻ LDF ന് നന്നായി പണിയെടുക്കേണ്ടി വരും. . കഴിഞ്ഞ തവണ കോൺഗ്രസ് റിബൽ കൂടി വന്ന ചതുഷ്കോണ മത്സരത്തിലാണ് LDF ന്റെ KJ മാക്സി ജയിച്ചത്. എന്നാൽ മണ്ഡലത്തിൽ നിറഞ്ഞ് നിന്ന് എല്ലാവർക്കും സ്വീകാര്യനാകുന്ന നിലയിലേക്ക് മാക്സിക്ക് മാറാൻ കഴിഞ്ഞു എന്നത് LDF ന് പ്രതീക്ഷയേകുന്ന ഘടകമാണ്.
തൃക്കാക്കരയിൽ യുവ സ്ഥാനാർത്ഥി വന്നാൽ LDF മണ്ഡലം പിടിച്ചെടുക്കാൻ സാദ്ധ്യതയുണ്ട്.. പിറവത്തും LDF ന് അട്ടിമറി സാദ്ധ്യതയുണ്ട്.
കോതമംഗലം, തൃപ്പൂണിത്തുറ, സീറ്റുകൾ LDF നിലനിർത്തും. വൈപ്പിനിൽ സിറ്റിംഗ് MLA S ശർമ്മ വീണ്ടും മത്സരിച്ചാൽ മാത്രം LDF ശർമ്മയിലൂടെ മണ്ഡലം നില നിർത്തും.
LDF – 6 , UDF – 7 , ട്വന്റി-20 – 1 എന്നതാണ് പ്രതീക്ഷിക്കുന്ന കക്ഷി നില

 • ഇടുക്കി
  5 മണ്ഡലങ്ങളാണ് ഇടുക്കിയിൽ ഉള്ളത്. കേരള കോൺഗ്രസ് LDF ൽ എത്തിയതോടെ LDF -4 , UDF – 1 എന്നതാണ് നിലവിലെ കക്ഷി നില.

ദേവികുളം, ഉടുമ്പഞ്ചോല ( CPIM ), പീരുമേട് ( CPI ) , ഇടുക്കി ( കേരള കോൺഗ്രസ് ) – LDF , തൊടുപുഴ ( PJ ജോസഫ് ) UDF എന്നതാണ് നിലവിലെ സ്ഥിതി. 2006 മുതൽ കോൺഗ്രസിന് ഒറ്റ MLA മാർ പോലുമില്ലാത്ത ജില്ലയാണ് ഇടുക്കി. കേരള കോൺഗ്രസ് മാണി വിഭാഗം LDF ൽ എത്തി എന്ന സവിശേഷതയും ഇക്കുറിയുണ്ട്. 5 ൽ അഞ്ചും ഇക്കുറി LDF ന് ഇടുക്കി സമ്മാനിച്ചാലും അത്ഭുതപ്പെടേണ്ട. നിലവിൽ സാദ്ധ്യത LDF -4 , UDF – 1

 • കോട്ടയം
  UDF രാഷ്ട്രീയത്തിലെ അതികായൻമാർ ആയ ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ജില്ല . KM മാണി ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്. കേരള കോൺഗ്രസ് LDF ഘടക കക്ഷിയായി ഇക്കുറി മത്സരിക്കുന്നു എന്ന സവിശേഷതയും ഇക്കുറി ഉണ്ട്. 1970 മുതൽ പരാജയം അറിയാതെ ഇതുവരെ വിജയിച്ച ഉമ്മൻ ചാണ്ടിയ്ക്ക് കേരള കോൺഗ്രസ് കൂടെയില്ലാത്ത ആദ്യ മത്സരം. 1980 ൽ എ ഗ്രൂപ്പ് കോൺഗ്രസ് വിട്ട് LDF ന്റെ ഭാഗമായി മത്സരിച്ചപ്പോൾ കേരള കോൺഗ്രസ് LDF ന്റെ ഘടക കക്ഷി ആയിരുന്നു. 1981 ൽ A ഗ്രൂപ്പ് കോൺഗ്രസിൽ തിരിച്ചെത്തിയപ്പോൾ കേരള കോൺഗ്രസും UDF ൽ എത്തി.

കഴിഞ്ഞ തദ്ദേശ ഇലക്ഷനിൽ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളി അടക്കം 9 ൽ ഏഴ് പഞ്ചായത്തും LDF നേടി. ഉമ്മൻ ചാണ്ടിയുടെ സ്ഥിതി ഇക്കുറി അത്ര ശുഭകരമല്ല. പാലായിൽ KM മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 54 വർഷക്കാലം തുടർച്ചയായി മാണി പരാജയം അറിയാതെ പ്രതിനിധീകരിച്ച പാലായിൽ LDF മാണി സി കാപ്പനിലൂടെ അട്ടിമറി വിജയം നേടി. കേരള കോൺഗ്രസിലെ തർക്കങ്ങളും പാർട്ടി ചിഹ്നം സ്ഥാനാർത്ഥിക്ക് അനുവദിക്കാതിരുന്ന PJ ജോസഫിന്റെ നിഷേധാത്മക സമീപനവും, ജോസ് കെ മാണിയെ ഒതുക്കി കൂടെ നിർത്താൻ വേണ്ടിയുള്ള A ഗ്രൂപ്പിന്റെ കാല് വാരലും LDF ന്റെ ചിട്ടയായ പ്രവർത്തനവും കൂടി ആയപ്പോൾ മാണി സി കാപ്പൻ ജയിച്ചു. ആ തോൽവിയോടെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് കേരള കോൺഗ്രസ് UDF വിട്ടു. ജോസ് കെ മാണി PJ ജോസഫിനും കോൺഗ്രസിനും കീഴ്പ്പെട്ട് നിൽക്കുമെന്ന UDF നേതൃത്വത്തിന്റെ കണക്ക് കൂട്ടലുകൾ പാടെ തെറ്റിച്ച് ജോസ് പക്ഷം മാണി ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച് കേരള കോൺഗ്രസ് ഔദ്യോഗിക വിഭാഗമാകുകയും പാർട്ടി ചിഹ്നം സ്വന്തമാക്കുകയും LDF ന്റെ ഘടക കക്ഷി ആകുകയും ചെയ്തു.

ആകെ മണ്ഡലങ്ങൾ 9 . LDF -3 , മാണി സി കാപ്പൻ UDF ൽ എത്തിയതോടെ UDF-5, PC ജോർജ് – 1

വൈക്കം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി – LDF
കടുത്തുരുത്തി, കോട്ടയം, പാല, പുതുപ്പള്ളി UDF , പൂഞ്ഞാർ – PC ജോർജ് , ചങ്ങനാശേരിയെ പ്രതിനിധീകരിച്ചിരുന്ന കേരള കോൺഗ്രസിലെ CF തോമസ് കേരള കോൺഗ്രസ് പിളർപ്പിൽ ഒരു നിലപാട് എടുക്കുന്നതിന് മുന്നെ ഗുരുതരാവസ്ഥയിൽ ആകുകയും നിയമസഭയില അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതെ വരികയും പിന്നീട് അന്തരിക്കുകയും ചെയ്തതിനെ തുടർന്ന് ചങ്ങനാശേരി ഒഴിഞ്ഞ് കിടക്കുന്നു.

കേരള കോൺഗ്രസ് LDF ൽ എത്തിയതോടെ കോട്ടയത്തിന്റെ രാഷ്ട്രീയം അടിമുടി മാറുകയാണ്. കോട്ടയം , പുതുപ്പള്ളി എന്നീ രണ്ട് സീറ്റുകളിലേക്ക് UDF ചുരുങ്ങും. ചിലപ്പോൾ കോട്ടയവും UDF ന് നഷ്ടപ്പെടും. LDF വിട്ട് UDF ൽ എത്തിയ മാണി സി കാപ്പൻ പരാജയപ്പെടും എന്ന് മാത്രമല്ല, രാഷ്ട്രീയമായി അസ്തമിക്കുകയും ചെയ്യും. പൂഞ്ഞാറിൽ PC ജോർജ് UDF സ്ഥാനാർത്ഥിയായി മത്സരിച്ചാൽ നേരിയ വിജയ സാദ്ധ്യതയുണ്ട്. അതല്ലെങ്കിൽ LDF – UDF – ജോർജ് – BJP ചതുഷ്ക്കോണ മത്സരത്തിൽ LDF ജയിക്കും. ഇനി BJP ജോർജിനെ പിന്തുണച്ചാലും LDF ജയിക്കും .

കോട്ടയം LDF – 7 , UDF – 2 എന്നതാണ് സാദ്ധ്യത.

 • ആലപ്പുഴ
  9മണ്ഡലങ്ങൾ . നിലവിൽ LDF -7 , UDF 2
  2016ലെ തെരഞ്ഞെടുപ്പിൽ ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ എട്ടു മണ്ഡലങ്ങളും LDF നേടി. 2019 ൽ അരൂർ MLA AM ആരിഫ് MP ആയതിനെ തുടർന്ന് നടന്ന ഉപ തെരഞ്ഞെടുപ്പിൽ UDF അരൂരിൽ ജയിച്ചു.

ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, കുട്ടനാട്, ചെങ്ങന്നുർ എന്നീ ഏഴ് മണ്ഡലങ്ങൾ LDF ഉം ഹരിപ്പാട്, അരൂർ മണ്ഡലങ്ങൾ UDF ഉം പ്രതിനിധീകരിക്കുന്നു.
ഇക്കുറി അരൂർ മണ്ഡലം LDF തിരിച്ച് പിടിക്കും. BJPയുടെ സഹായമില്ലെങ്കിൽ ഹരിപ്പാട് ചെന്നിത്തലയുടെ സ്ഥിതി പരുങ്ങലിൽ ആകും.
LDF – 8 , UDF – 1 എന്നതാണ് ഇക്കുറി പ്രതീക്ഷിക്കുന്ന കക്ഷി നില

 • പത്തനം തിട്ട
  ആകെ മണ്ഡലങ്ങൾ – 5
  നിലവിൽ അഞ്ച് മണ്ഡലങ്ങളും LDF ന്റെ കൈയിൽ. 2016 ൽ UDF ജയിച്ച കോന്നി 2019 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അട്ടിമറിയിലൂടെ LDF പിടിച്ചെടുത്തു. അതു വരെ LDF -4 , UDF – 1 എന്ന നിലയിൽ ആയിരുന്ന കക്ഷി നില LDF -5 എന്നായി.
  തിരുവല്ല, ആറൻമുള, കോന്നി , അടൂർ , റാന്നി എന്നീ അഞ്ച് മണ്ഡലങ്ങളാണ് പത്തനംതിട്ടയിൽ ഉള്ളത്.
  ഇക്കുറിയും LDF 5 ൽ 5 ഉം നേടാൻ ആണ് സാദ്ധ്യത. യാക്കോബായ- ഓർത്തഡോക്സ് തർക്കം സിറ്റിങ്ങ് MLA വീണ ജോർജിന് ചെറിയ ഭീഷണിയാണ്. വീണ ഓർത്തഡോക്സ് വിഭാഗക്കാരി ആണെങ്കിലും ചില അടിയൊഴുക്കുകൾ പ്രതീക്ഷിക്കുന്നു.
 • കൊല്ലം :

ആകെ മണ്ഡലങ്ങൾ – 11 . LDF -11 , UDF – O

2006 മുതൽ കോൺഗ്രസിന് ഒറ്റ MLA മാർ പോലും ഇല്ലാത്ത ജില്ല . 2006 ൽ UDF – 1 , 2011 ൽ UDF-2 , 2016 ൽ UDF – 0 എന്നതാണ് കക്ഷി നില .

കൊല്ലം , പത്തനാപുരം, ചാത്തന്നൂർ, കുന്നത്തൂർ, കുണ്ടറ, കൊട്ടാരക്കര , ചടയമംഗലം, ഇരവിപുരം, പുനലൂർ, കരുനാഗപ്പള്ളി, ചവറ എന്നിവയാണ് കൊല്ലത്തെ മണ്ഡലങ്ങൾ. ഇക്കുറിയും 2016ലെ തെരഞ്ഞെടുപ്പ് ഫലം LDF ആവർത്തിക്കും.
LDF -11 , UDF – O

 • തിരുവനന്തപുരം
  ആകെ മണ്ഡലങ്ങൾ – 14 . LDF -10 , UDF – 3 , BJP – 1 എന്നതാണ് കക്ഷി നില
  2016 ൽ UDF ജയിച്ച വട്ടിയൂർക്കാവ് 2019 ലെ ഉപതെരഞ്ഞെടുപ്പിൽ LDF പിടിച്ചെടുത്തു. കേരളത്തിൽ ആദ്യമായി BJP അക്കൗണ്ട് തുറന്നത് 2016 ൽ നേമത്താണ്. അന്ന് കോൺഗ്രസ് അടപടലം വോട്ടു മറിച്ചാണ് BJP ജയിച്ചത്. ഇക്കുറി നേമത്ത് BJP പരാജയപ്പെടും. എന്നാൽ തിരുവനന്തപുരം BJP ജയിക്കാൻ സാദ്ധ്യത.

വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് , വാമനപുരം, കഴക്കൂട്ടം, കാട്ടാക്കട, വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, പാറശ്ശാല, നെടുമങ്ങാട് എന്നീ പത്ത് മണ്ഡലങ്ങൾ LDF ഉം കോവളം, തിരുവനന്തപുരം, അരുവിക്കര എന്നീ മണ്ഡലങ്ങൾ UDF ഉം പ്രതിനിധീകരിക്കുന്നു. നേമം BJP യും. നേമം – തിരുവനന്തപുരം മണ്ഡലങ്ങളിൽ BJP യും കോൺഗ്രസും പരസ്പരം വോട്ടുകച്ചവടം നടത്തിയില്ലെങ്കിൽ തിരുവനന്തപുരത്ത് BJP ജയിക്കും. നേമവും കോവളവും അരുവിക്കരയും LDF തിരിച്ചു പിടിക്കും. തിരുവനന്തപുരം ഇക്കുറി പൂർണ്ണമായും LDF നെ തുണച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
തിരുവനന്തപുരം LDF -13 , UDF – 1 , BJP – 1 എന്ന നിലയിലാണ് സീറ്റു നില പ്രതീക്ഷിക്കുന്നത്.

ഈ സീറ്റ് നില ഏകദേശ ഫല സൂചനകൾ ആണ്. LDF ന്റെയും UDF ന്റെയും സ്ഥാനാർത്ഥികൾ ആയി വരുന്നവരുടെ വ്യക്തി പ്രഭാവം, ചില മണ്ഡലങ്ങളിലെ ജയ പരാജയങ്ങളെ സ്വാധീനിക്കാം. BJP യും UDF ഉം ആയി വോട്ടുകച്ചവടം ഉണ്ടായില്ലെങ്കിൽ ഏറെക്കുറെ ഈ നിലയിൽ തന്നെ തെരഞ്ഞെടുപ്പ് ഫലം വരും. നിലവിൽ ഉയർന്നു വന്ന രാഷ്ട്രീയ വിവാദങ്ങൾ എല്ലാം കെട്ടടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യ ഘട്ടത്തിൽ ജനവിധിയെ സ്വാധീനിക്കുന്ന പുതിയ വിവാദങ്ങൾ ഉണ്ടായില്ലെങ്കിൽ LDF ന്റെ വിജയം സുനിശ്ചിതമാണ്.

2001ൽ തെരുവം പറമ്പ് ബലാൽസംഗ കെട്ടുകഥയുണ്ടാക്കി അത് സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ച് വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ചവർ ആണ് ലീഗുകാർ… വരും ദിവസങ്ങളിൽ ഏത് തരം പ്രചരണവും LDF ന് എതിരെ വലതു പക്ഷത്ത് നിന്ന് ഉണ്ടാകും. അതിനെ അതിജീവിക്കുക എന്നതാണ് LDF ന്റെ വെല്ലുവിളി. CMCC – KSINC കരാർ സംബന്ധിച്ച് UDF ഉയർത്തുന്ന ദുഷ്പ്രചരണം മുപ്പതോളം തീരദേശ മണ്ഡലങ്ങളിൽ എങ്ങിനെയാണ് വരും ദിവസങ്ങളിൽ LDF നെ ബാധിക്കുക എന്ന് പറയാറായിട്ടില്ല..

2016 ൽ LDF ന് 90+ സീറ്റുകൾ എന്നായിരുന്നു True line സർവേ പ്രഖ്യാപിച്ചത്. അതിൽ നേമത്ത് BJP വിജയിക്കില്ല എന്ന് പറഞ്ഞത് മാത്രമാണ് സർവേയിൽ നിന്ന് വിഭിന്നമായി സംഭവിച്ചത്

More Posts

ജനങ്ങളുടെ ജീവനെക്കാൾ കേന്ദ്ര സർക്കാരിന് പ്രധാനം തെരഞ്ഞെടുപ്പ് വിജയം; ഓക്സിജൻ ക്ഷാമത്തിൽ വിമർശനവുമായി പ്രകാശ് രാജ്

കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യ 9000 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി അയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വാളയാർ കേസുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ പരാമര്‍ശം; അഡ്വ.എ ജയശങ്കറിനെതിരെ കോടതിയെ സമീപിച്ച് എം.ബി രാജേഷ്

സ്വകാര്യ ചാനലില്‍ എ.ജയശങ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ ക്രിമിനല്‍ വകുപ്പു പ്രകാരമുള്ള നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് രാജേഷ് കോടതിയെ സമീപിച്ചത്.

ഹരിയാനയില്‍ കൊവിഡ് വാക്‌സിന്‍ മോഷണം; ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് കടത്തിയത് 1,710 ഡോസ് കോവിഷീല്‍ഡും കോവാക്‌സിനും

കുത്തിവെയ്പ്പ് നടത്താന്‍ ഇനി ജില്ലയില്‍ വാക്‌സിന്‍ അവശേഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു